കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ മലിനജല സംസ്കരണ സംവിധാനങ്ങള് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് കോര്പറേഷന് നടപ്പിലാക്കുന്ന സരോവരം സ്വീവറേജ് പദ്ധതിയുടെ ഭരണാനുമതി തുക സര്ക്കാര് വര്ധിപ്പിച്ചു.
ടെന്ഡര് തുകയിലുണ്ടായ വര്ധനവ് കണക്കിലെടുത്താണ് തുക 194.893 കോടി രൂപയായി ഉയര്ത്തിയത്. മുമ്പ് 179.29 കോടി രൂപയായിരുന്നു പദ്ധതിക്കായി അനുവദിച്ചിരുന്നത്. ടെന്ഡര് തുകയിലുള്ള 15.603 കോടി രൂപയുടെ വര്ധനവ് ഉള്പ്പെടെയാണ് പുതിയ ഭരണാനുമതി തുകയായ 194.89 കോടി രൂപ. ടെന്ഡര് തുക കൂടിയതു മൂലമുള്ള അധിക തുകയുടെ 25 ശതമാനം സംസ്ഥാന സര്ക്കാര് വഹിക്കും. ബാക്കി വരുന്ന 75 ശതമാനം തുക കോര്പറേഷനും സുചിത്ര മിഷനും ചേര്ന്ന് അവരുടെ പ്ലാന് ഫണ്ടുകളില് നിന്ന് തുല്യമായി രണ്ട് സാമ്പത്തിക വര്ഷങ്ങളിലായി നല്കണം.
കോഴിക്കോട് കോര്പറേഷനും വാട്ടര് അഥോറിറ്റിയും ചേര്ന്ന് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില് സരോവരം സ്വീവറേജ് പദ്ധതി. കോഴിക്കോട് കരിമ്പനപ്പാലത്ത് സരോവരം ബയോപാര്ക്കിനും കോട്ടൂളി തണ്ണീര്ത്തടത്തിനും സമീപമുള്ള വാട്ടര് അഥോറിറ്റിയുടെ 2.6 ഏക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്ക്കാരിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. പ്രതിദിനം 13.5 ദശലക്ഷം ലിറ്റര് ശേഷിയുള്ള രണ്ട് പ്ലാന്റുകള് ഉള്പ്പെടെ ആകെ 27 മില്യണ് ജലം പ്രതിദിനം സംസ്കരിക്കാന് ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റാണ് ഇവിടെ സ്ഥാപിക്കാന് ലക്ഷ്യമിടുന്നത്. മൂന്നാലിങ്കല്, ചാലപ്പുറം, പാളയം, വലിയങ്ങാടി ഉള്പ്പെടെയുള്ള കോഴിക്കോട് നഗരത്തിലെ നിരവധി വാര്ഡുകളിലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പ്രമുഖ ജൈവവൈവിധ്യ കേന്ദ്രമായ കോട്ടൂളി തണ്ണീര്ത്തടത്തിനും കാനോലി കനാലിനും സമീപം പ്ലാന്റ് നിര്മിക്കാനുള്ള നീക്കം വലിയ ജനകീയ പ്രതിഷേധങ്ങള്ക്കിടയാക്കിയിരുന്നു. പരിസ്ഥിതി പ്രവര്ത്തകരും പ്രാദേശിക റസിഡന്റ്സ് അസോസിയേഷനുകളും ഇതിനെതിരേ നാഷണല് ഗ്രീന് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു. കേസുകളും നിയമതടസങ്ങളും കാരണം പദ്ധതി വൈകിയതോടെ കെഎസ് യുഡിപി ഫണ്ട് നഷ്ടമാവുകയും പദ്ധതിയുടെ നിര്മാണച്ചെലവ് ഇരട്ടിയാവുകയും ചെയ്തു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില് പൈപ്പുകള് സ്ഥാപിക്കുന്നതിനായി ഇതിനകം കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്.
തണ്ണീര്ത്തട സംരക്ഷണ സമിതിയുമായുള്ള നീണ്ട നിയമപോരാട്ടങ്ങള്ക്ക് ശേഷം കോടതിവിധി കോര്പറേഷന് അനുകൂലമായതോടെയാണ് അമൃത് പദ്ധതിയില് ഉള്പ്പെടുത്തി പ്ലാന്റ് നിര്മാണത്തിനുള്ള അനുമതികള് നേടിയെടുത്തത്. എന്നാല്, പരിസ്ഥിതി സംഘടനകള് വീണ്ടും കേരള തീരദേശ മാനേജ്മെന്റ് അഥോറിറ്റിക്കും വനംവകുപ്പിനും പരാതി നല്കിയിട്ടുണ്ട്.